
ഏതെങ്കിലും വിശേഷ ദിവസങ്ങളിൽ ഉപയോക്താക്കൾ കൂടുതൽ മെസേജുകളും കോളുകളും ചെയ്യുമെന്നതിനാൽ തന്നെ ഇത്തരം ദിവസങ്ങളിൽ സൌജന്യ എസ്എംഎസുകളും കോളുകളും കമ്പനികൾ നൽകാറില്ല. ബ്ലാക്ക് ഔട്ട് ഡേയ്സ് ഒഴിവാക്കുന്നതോടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അടുത്ത ഒരുവർഷം തങ്ങളുടെ പ്ലാനുകളിൽ നൽകുന്ന എല്ലാ സൌജന്യ ആനുകൂല്യങ്ങളും എല്ലാ ദിവസവും ആസ്വദിക്കാൻ സാധിക്കും. ബ്ലാക്ക് ഔട്ട് ഡെയ്‌സിലൂടെയാണ് ടെലിക്കോം കമ്പനികൾ വൻ ലാഭമാണ് ഉണ്ടാക്കിയിരുന്നത്. ജിയോയുടെ വരവോടെയാണ് ഇത് ഇല്ലാതെയായത്.

ഈ വർഷം ബിഎസ്‌എൻഎൽ നെറ്റ്‌വർക്കിൽ ബ്ലാക്ക് ഔട്ട് ഡേയ്സില്ല
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുതുവർഷം ആരംഭിച്ച ഉടനേ തന്നെടെലികോം ഓപ്പറേറ്റർമാർ ബ്ലാക്ക് ഔട്ട് ഡേയ്സ് നീക്കംചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഈ വർഷം എയർടെല്ലിൽ നിന്നും വോഡഫോൺ ഐഡിയയിൽ നിന്നും അത്തരം ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ബിഎസ്‌എൻഎൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മറ്റ് സേവന ദാതാക്കളുമായി വിപണിയിൽ മത്സരിക്കുന്നതിന്, ജിഎസ്‌എം മൊബൈൽ സേവനങ്ങൾക്ക് കീഴിൽ 2021 ലെ ബ്ലാക്ക് ഔട്ട് ഡേയ്സ് ഒഴിവാക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

മുകളിൽ സൂചിപ്പിച്ചതുപോലെ, റിലയൻസ് ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയിൽ സേവനം ആരംഭിച്ചത് മുതൽ ബ്ലാക്ക് ഔട്ട് ഡേയ്സ് എന്ന പേരിൽ ഉപയോക്താക്കളിൽ നിന്നും പണം ഈടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മറ്റ് രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരായ എയർടെലും വിഐയും ബ്ലാക്ക് ഔട്ട് ഡേയ്സ് പൂർണമായും നീക്കം ചെയ്തിരിക്കുന്നു എന്നാണ് തോന്നുന്നത്. ന്യൂ ഇയർ, ഹോളി, ദീപാവലി, ക്രിസ്മസ്, ഓണം എന്നിവയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്ന ചില ബ്ലാക്ക്ഔട്ട് ഡേയ്സ്.
കൂടുതൽ വായിക്കുക: ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യം

ബിഎസ്‌എൻഎൽ 4 ജി ലോഞ്ച്
ബിഎസ്‌എൻഎൽ 2021ൽ തന്നെ 4ജി സേവനങ്ങൾ രാജ്യത്ത് എല്ലായിടത്തും എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 4 ജി സേവനങ്ങൾ ആരംഭിക്കാനായി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബിഎസ്‌എൻഎല്ലിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (ഡിഒടി) കരാറുകളുടെയും മറ്റും കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു. പ്രാദേശികമായി നിർമ്മിച്ച 4ജി ഗിയർ ഉപയോഗിക്കാൻ DoT ബിഎസ്‌എൻഎല്ലിനോട് ആവശ്യപ്പെടുന്നു, അതേസമയം പ്രാദേശിക ഒഇഎമ്മുകളിൽ നിന്നുള്ള 4ജി ഗിയർ അൺപ്രൂവൺ ആണെന്നും ടെൻഡർ വില വിലകൂടുമെന്നും ബിഎസ്എൻഎൽ പറയുന്നു.

4 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളുമായി നടത്തുന്ന മത്സരം കൂടുതൽ ശക്തമാകും. നിലവിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎൽ സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. 200 രൂപയിൽ താഴെ വിലയിൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഒരേയൊരു ടെലിക്കോം കമ്പനിയാണ് ഇത്. അതുകൊണ്ട് തന്നെ 4ജി വ്യാപകമായാൽ ബിഎസ്എൻഎൽ രാജ്യത്തെ ഏറ്റവും മികച്ച ടെലിക്കോം ഓപ്പറേറ്ററായി മാറിയേക്കും.
comment 0 Comments
more_vert