
കുറഞ്ഞ വിലയിൽ ലാവ 5ജി സ്മാർട്ട്ഫോൺ
20,000 രൂപയിൽ താഴെയുള്ള വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ 5ജി സ്മാർട്ട്ഫോണുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവ. ചൈനീസ് കമ്പനികൾക്ക് കടുത്ത മത്സരം നൽകാനാണ് ലാവയുടെ ശ്രമം. പ്രൊഡക്ഷൻ വിപുലീകരിക്കുന്നതിനായുള്ള പ്ലാനുകളും ലാവയ്ക്ക് ഉണ്ട്. ഇതിനായി 800 കോടി രൂപയുടെ നിക്ഷേപം നടത്തും.
കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി റെഡ്മി നോട്ട് 10 പ്രോ 4ജി വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

6,000 രൂപ മുതൽ 10,000 രൂപ വരെയുള്ള വിലകളിൽ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയ ലാവ ഉടൻ തന്നെ മിഡ് പ്രൈസ് റേഞ്ചിലേക്ക് കടക്കും. 5ജി ഡിവൈസുകളിലൂടെ മിഡ്റേഞ്ച് വിപണിയിൽ ഇടം പിടിക്കാനാണ് ലാവയുടെ ശ്രമം. 15,000 മുതൽ 20,000 രൂപ വരെ വിലയുള്ള 5ജി ഫോണുകൾ കമ്പനി പുറത്തിറക്കുമെന്ന് ലാവ ഇന്റർനാഷണൽ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അഞ്ച് ശതമാനം വിഹിതം നേടിയെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. നിലവിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങിന്റെയും ചൈനീസ് കമ്പനികളുടെയും ആധിപത്യമാണ് ഉള്ളത്. ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് രാജ്യത്ത് വലിയ നിക്ഷേപം നടത്താനുള്ള പദ്ധതികൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് ലാവയുടെ നീക്കം. മൈക്രോമാക്സ് രാജ്യത്ത് സ്മാർട്ട്ഫോൺ ഗവേഷണത്തിനും വികസനത്തിനുമായി 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

ലാവ കഴിഞ്ഞ ദിവസം നാല് പുതിയ സ്മാർട്ട്‌ഫോണുകളടങ്ങുന്ന ലാവZ സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ലാവ Z1, ലാവ Z2, ലാവ Z4, ലാവ Z6 എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. ഈ ഡിവൈസുകൾക്ക് യഥാക്രമം 5,499 രൂപ, 6,999 രൂപ, 8,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ലാവ Z1 സ്മാർട്ട്ഫോണിൽ 2 ജിബി റാം + 16 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ലാവ Z2 സ്മാർട്ട്ഫോണിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. ലാവ Z4 സ്മാർട്ട്ഫോണിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ലാവ ഇസഡ് 6 സ്മാർട്ട്ഫോണിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്.

ലാവ Z സീരിസിൽ ലാവ MyZ എന്നൊരു സ്മാർട്ട്ഫോണും കമ്പനി അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസ് പല രീതിയിൽ ഉപയോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്ത് വാങ്ങാൻ സാധിക്കുന്ന സ്മാർട്ട്ഫോണാണ്. വരും ആഴ്ച്ചകളിൽ ഈ സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തും. ലാവ പ്രതിവർഷം നാല് കോടി ഫീച്ചറും 2.6 കോടി സ്മാർട്ട്‌ഫോണുകളും നിർമ്മിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും പുതിയ ഡിവൈസുകൾ പുറത്തിറക്കികൊണ്ട് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനുള്ള ലാവയുടെ ശ്രമങ്ങൾക്ക് 5ജി ഫോണുകൾ നാഴികകല്ലായി മാറും.
comment 0 Comments
more_vert