
ഇതൊരു അടിയന്തര സാഹചര്യമാണെന്നും ട്രംപിന്റെ വീഡിയോ നീക്കംചെയ്യുന്നത് ഉൾപ്പെടെയുള്ള ചില അടിയന്തര നടപടികൾ കമ്പനി സ്വീകരിക്കുന്നു എന്നും ഫേസ്ബുക്കിന്റെ ഇന്റഗ്രിറ്റി വൈസ് പ്രസിഡന്റ് ഗൈ റോസൻ പറഞ്ഞു. ട്രംപിന്റെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതും അക്കൌണ്ട് ബ്ലോക്ക് ചെയ്യുന്നതും അക്രമത്തിന്റെ അപകടസാധ്യത കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തെ പ്രോത്സാഹിപ്പിച്ച പോസ്റ്റുകൾ ഇട്ട ട്രംപിനെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ നിന്നും 24 മണിക്കൂർ നേരത്തേക്കാണ് ബ്ലോക്ക് ചെയ്തത്.

പ്രത്യേക ആരോപണങ്ങൾ മുതൽ വലിയ ഗൂഢാലോചന സിദ്ധാന്തങ്ങൾ വരെയുള്ള ട്രംപിന്റെ പോസ്റ്റുകൾ തിരഞ്ഞെടുപ്പിനെ മോശമായി ബാധിക്കുന്ന പോസ്റ്റുകളുടെ വിഭാഗത്തിലേക്ക് നേരത്തെ ഫേസ്ബുക്ക് ലേബൽ ചെയ്തിരുന്നു. ട്രംപിനെ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതികരണങ്ങളിൽ ഈ ബ്ലോക്ക് കാലാവധി കുറവാണെന്നും നടപടി എടുക്കാൻ വൈകിയെന്നുനം മോക്ക് ഫേസ്ബുക്ക് ഓവർസൈറ്റ് ബോർഡ് എന്ന പേരിൽ അറിയപ്പെടുന്ന സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് നിരവധി തവണ ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചു. അദ്ദേഹത്തിന്റെ അക്കൗണ്ട് ജനാധിപത്യത്തിന് മാത്രമല്ല മനുഷ്യജീവിതത്തിനും ഭീഷണിയാണെന്ന് മോക്ക് ഫേസ്ബുക്ക് ഓവർസൈറ്റ് ബോർഡ് അധികൃതർ പറഞ്ഞു. ട്രംപ് അനുകൂലികൾ യുഎസ് ക്യാപിറ്റോളിൽ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ട്രംപിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഈ സംഭവത്തിനിടെ പോലീസ് വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ വായിക്കുക: കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ

ട്രംപിന്റെ ട്വീറ്റുകൾ ട്വിറ്റർ പ്ലാറ്റ്ഫോമിലെ നിയമങ്ങളുടെ ലംഘനമാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അക്കൌണ്ട് താല്കാലികമായി ബ്ലോക്ക് ചെയ്യുന്നു എന്നും ട്വിറ്റർ പറഞ്ഞു. ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂർ ലോക്ക് ചെയ്യുമെന്നും കുറ്റകരമെന്ന് കണ്ടെത്തിയ ട്വീറ്റുകൾ നീക്കംചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് മാറ്റില്ലെന്നും ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ക്യാപിറ്റോളിലെ അക്രമവമായി ബന്ധപ്പെട്ട പോസ്റ്റുകൾ കണ്ടെത്തി നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

വൈറ്റ് ഹൌസിന് പുറത്ത് നടത്തിയ പ്രസംഗത്തിനിടെ ക്യപിറ്റോളിലേക്ക് മാർച്ച് നടത്തണമെന്ന് ട്രംപ് അനുഭാവികളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് ശരിയായല്ല നടന്നതെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ യൂട്യൂബും തിരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്തിരുന്നു. ക്യാപിറ്റോൾ സംഭവത്തെ ഫേസ്ബുക്ക് അധികൃതർ അപലപിച്ചു.
comment 0 Comments
more_vert